About Us

പരമകാരുണ്യവാനും കരുണാവാരിധിയുമായ ഈ കാണുന്ന ലോകചരാചരങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ജഗനിയന്താവായ സൃഷ്ടികർത്താവിൻറ്റെ കരുണാകടാക്ഷം എല്ലാവരിലും വർഷിക്കുമാറാകട്ടെ

ആമീൻ................


മണ്ണാർക്കാട്....... നിരവധി ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച നാട്. ഈ പട്ടണത്തിൽ നിന്നും ഒരു വിളിപ്പാടകലെ തലയുയർത്തി നിൽക്കുന്ന സൈലൻറ് വാലി വനാന്തരങ്ങൾ. സൈലൻറ് വാലി വനാന്തരങ്ങൾക്കു താഴെ ഒരു കൊച്ചു ഗ്രാമം അമ്പംകുന്ന്..... ഇവിടെ ചന്ദനക്കുറി തൊട്ട ഹിന്ദുവും കുരിശുമാലയണിഞ്ഞ ക്രിസ്ത്യാനിയും നെറ്റിയിൽ നിസ്‌കാര തഴമ്പുള്ള മുസൽമാനും ഒരമ്മ പെറ്റ മക്കളെപോലെ സാഹോദര്യത്തോടെ ജീവിക്കുന്ന അമ്പംകുന്ന്. ഇതു കൊണ്ടൊന്നുമല്ല ഇവിടെ ജനശ്രദ്ധാകേന്ദ്രമായത്. മറിച്ചു ആത്മീയതയുടെ സൂര്യതേജസ്സായ ഒരു മഹാമനുഷ്യൻ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.അണയാത്ത ദീപമായി..........


ആത്മീയതയുടെ സൂര്യതേജസ്സുമായി അമ്പംകുന്നിൽ എത്തിയ ഉപ്പാപ്പ അവർകൾ സർവ്വമതത്തിൽപ്പെട്ട ആളുകളുടെയും മാറാവ്യാധികൾ മാറ്റുകയും ഭ്രാന്തന്മാരുടെ ഭ്രാന്തുവരെ മാറ്റികൊടുക്കുകയും ചെയ്തപ്പോൾ സർവ്വമതസ്ഥരും അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഉപ്പാപ്പയുടെ തീർത്ഥാടന വേളകളിൽ ആരെങ്കിലും എന്തെങ്കിലും (ഹദ്‌യ ) കാണിക്ക നൽകിയാൽ അത് സമൂഹത്തിലെ യത്തീമുകൾക്കും, അഗതികൾക്കും കുട്ടികൾക്കും നൽകുമായിരുന്നു.

ഉപ്പാപ്പയുടെ പാത പിൻപറ്റിയ ഉപ്പാപ്പയുടെ ശിഷ്യന്മാരിൽ പ്രധാനിയായ കപ്പുങ്ങൽ മുഹമ്മദ് മുസ്‌ലിയാരുടെ പേരമകൻ ഫക്രുദ്ദീൻ ഉസ്താദ് (മഖാം ഖാദിം) ഇതേപാത തന്നെ പിൻതുടർന്നു പോന്നു. ഇതിൻറെ പൂർത്തീകരണമാണ് മണ്ണാർക്കാട് കല്ല്യാണ കാപ്പിലുള്ള ബീരാൻ ഔലിയ മെമ്മോറിയൽ യതീംഖാന അഗതി മന്ദിരം.

സുന്നത്ത് ജമാഅത്തിൻറെ ആശയാ ദർശങ്ങളുടെ സൽസരണിയിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. തികച്ചും മാതാപിതാക്കൾ മരണപ്പെട്ട് അനാഥരാവുകയോ രക്ഷിതാക്കളുടെ അനാരോഗ്യം കാരണം അഗതികളാവുകയോ ചെയ്ത പാവപ്പെട്ട പെൺകുട്ടികളാണ്.

മികച്ച മതപഠനത്തോടൊപ്പം സ്‌കൂൾ വിദ്യാഭ്യാസവും തുടർന്ന് ഉപരിപഠനവും സൗജന്യമായി താമസവും ഭക്ഷണവും നൽകി അവരെ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതിനോടൊപ്പം അവരുടെ വിവാഹവും നടത്തി കൊടുത്ത് അവരെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിക്കുന്നു.

മക്കളുടെ ഭക്ഷണത്തിനും മറ്റു ദൈനംദിന ചിലവുകൾക്കും ഭീമമായ തുക ആവശ്യമായിവരുമല്ലോ. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പിഞ്ചുമക്കളുടെ അടുത്ത് വന്ന് അവരെ ഒന്ന് സാന്ത്വനിപ്പിക്കാനും അവരുടെ പ്രാർത്ഥനയിൽ ഒന്ന് പങ്കെടുക്കാനും നിങ്ങളാൽ കഴിയുന്ന സഹായ സഹകരണങ്ങൾ ചെയ്തുകൊടുക്കുവാനും വിനീതമായി അഭ്യർത്ഥിക്കുന്നു.


ഉപ്പാപ്പയുടെ ചരിത്രത്തിലൂടെ.........


മലപ്പുറം ജില്ലയിൽ അരീക്കോട് ചുള്ളിക്കോട് കിഴിശ്ശേരി എന്ന സ്ഥലത്തു പുളിക്കലെ തറവാട്ടിൽ കോയാമുട്ടി മമ്മീസാ, വിയ്യക്കുട്ടി ഉമ്മയുടെയും മകനായി വീരാൻ എന്നകുട്ടി ജനിച്ചു.ജനനത്തിൽ തന്നെ ഒരു പ്രത്യേക തേജസ്സുള്ള കുട്ടിയായിരുന്നു വീരാൻ, സാമാന്യം സാമ്പത്തിക ശേഷിയുള്ള കർഷക കുടുംബത്തിലാണ് വീരാൻ്റെ ജനനം. വീരാൻ്റെ ജനനത്തോടെ ആ കുടുംബം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. വീരാൻകുട്ടിക്ക് നാലോ അഞ്ചോ വയസ്സായപ്പോൾ ഓതാൻ മദ്രസ്സയിൽ ചേർത്തു. മൊല്ലാക്ക ചൊല്ലുന്നത് ഒരു പ്രാവശ്യം കേട്ടാൽ പെട്ടെന്നു ഹൃദിസ്ഥമാക്കും.കുറഞ്ഞ കാലം കൊണ്ട് മതപരമായ വിദ്യാഭ്യാസം പൂർത്തിയാക്കി തൻറെ സഹപാഠികളുടെ കൂടെ പിന്നീടു പഠിക്കാൻ മടി കാണിച്ചു. ബാപ്പ വളരെ നിർബന്ധിച്ചു. പക്ഷെ വീരാൻകുട്ടി പോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ ശിക്ഷിക്കാൻ തുടങ്ങി. ശിക്ഷ കഠിനമായപ്പോൾ ഒരു ദിവസം തൻറെ മാതാവിനോടു സങ്കടമുണർത്തിച്ചു. ആ സമയം ബാപ്പ പതിവു പ്രകാരം വയലിലും പറമ്പിലും ചുറ്റി നടക്കാൻ പോയ സമയമായിരുന്നു. ഉമ്മ ഞാൻ ഇനി ഓതാൻ പോകുന്നില്ല എന്നെ ഓതാൻ പോകാത്തതിന് തല്ലരുതെന്നു പറയണം. ബാപ്പ ഇനി അടിച്ചാൽ ഞാൻ നാട് വിട്ടു പോവും. പിന്നെ നിങ്ങൾക്ക് എന്നെ കാണാൻ കിട്ടില്ല. ഇത് കേട്ടതും വീരൻകുട്ടിയുടെ കൺകണ്ട ദൈവമായ മാതാവിനു സങ്കടമായി. വീരൻകുട്ടിയെ ഒരു നിമിഷം പിരിഞ്ഞിരിക്കാൻ വയ്യാത്ത മാതാവ് ബാപ്പ വരാൻ കാത്തിരുന്നു. കോയാമുട്ടി മമ്മീസാ വയലും പറമ്പും ചുറ്റിക്കണ്ട് വീട്ടിൽ പൂമുഖത്തെ ചാരുകസേരയിൽ വന്നിരുന്നു.ആ സമയ ഭാര്യ വിയ്യക്കുട്ടി കഞ്ഞിയും കറിയുമായി വന്നു. അതു കുടിച്ചു വിസ്തരിച്ചൊന്നു മുറുക്കി. താംബൂല രസത്തിൽ ഇരിക്കുന്ന സമയത്തു ഭാര്യ ഭർത്താവിൻറെ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞു. ഇനിക്ക് ഇങ്ങളോടൊന്നു പറയാനുണ്ട്. ഇങ്ങള് ദേഷ്യപ്പെടരുതേ. ഇതുകേട്ട് കോയാമുട്ടി മമ്മീസാ ഉം., ന്താച്ചാ പറ കേക്കട്ടെ. ഇങ്ങള് ഇനി ഞമ്മളെ ബീരാൻകുട്ടിയെ ഓതാൻ പോകാത്ത കാര്യത്തിന് അടിക്കരുത്. ഓൻ ഇനി ഓതാൻ പോണില്ലത്രേ. അവനു ഓത്തൊക്കെ പടിഞ്ഞൂത്രെ. ഇത് കേട്ടതും ബാപ്പ അൽപം ചിന്തിച്ചിരുന്നു. ഒടുവിൽ ഇപ്രകാരം പറഞ്ഞു. വീരാൻകുട്ടിക്ക് ഓതാൻ പോകാൻ ബജ്ജെങ്ങി ഓൻ ഞമ്മടെ കന്നു മേച്ചോട്ടെ. ഓതാൻ പോകേണ്ട സമയത്തു ഓതാൻ ബയ്‌യെങ്കി കന്നുമേക്കലല്ലാതെ പിന്നെന്താ പണി. ഇതു കേട്ടതും വാതിലിൻറെ മറവിൽ നിന്നും വീരാൻകുട്ടി ഇപ്രകാരം പറഞ്ഞു ഞാൻ മേച്ചോളാം. പിന്നെ ആരും ഒന്നും മിണ്ടിയില്ല. പിറ്റേ ദിവസം ബീരാൻ കുട്ടി രാവിലെ എഴുന്നേറ്റു നിത്യകർമങ്ങളൊക്കെ കഴിഞ്ഞു കന്നിനെ വിട്ടു സന്തോഷത്തോടെ മേക്കാൻ പോയി. ഓതാൻ പോകാത്തതിന് ആറോ ഏഴോ വയസ്സായ തൻറെ മകനു ബാപ്പ കൊടുത്ത ശിക്ഷയായിരുന്നു.


കാലചെറുപ്പത്തിൽ ഒലിയുള്ളാവെ
കന്നു മേച്ചു കൊണ്ടു നടക്കും കാലം


ഒരുപാട് നെൽ വയലുകളും പറമ്പും ഉള്ളഒരു വലിയ ഭൂമിക്ക് ഉടമയായിരുന്നു കോയാമുട്ടി മമ്മീസാ പറമ്പു മുഴുവൻ മോടൻ പലവിധ പറമ്പു കൃഷിക്കും വയലിൽ നെൽ കൃഷിയും ഉണ്ടായിരുന്നു. ഇരുപതോളം വിഷുവല്ലി കൊടുക്കുന്ന ജന്മപണിക്കാരും ഉണ്ട് പറമ്പിൽ മോടൻ വിതച്ചു. മോടൻ കതിരായി കാവൽക്കാർ ചാത്തനും കുഞ്ചിരയുമാണ് . അവർ ചിലസമയം കുടിച്ചു പൂസായാൽ കാവൽ ചാളയിൽ എത്താറില്ല. ഇടയ്ക്കിടയ്ക്ക് കാവൽ ചാളയിൽ എത്താത്ത കാര്യം തൊട്ട കാവൽചാളയിലെ കാവൽക്കാർ കോയാമുട്ടി മമ്മീസാനെ അറിയിച്ചു. ഇതിനെന്താണ് ഒരു വഴി. മമ്മീസാ ചിന്തിച്ചു. ഒരു ദിവസം ബീരാൻകുട്ടിയെ വിളിച്ചു ബാപ്പ ഇപ്രകാരം പറഞ്ഞു. മോനെ ബീരാൻകുട്ടി ഞമ്മടെ ചാത്തനും കുഞ്ചിരയും മോടൻ കാവലിന് എത്താറില്ലത്രെ. അവർ കുടിച്ചു പൂസായി വഴിയിൽ കിടക്കുന്നു എന്ന് കേട്ടു. അവരോടു ചോദിച്ചാൽ അവരു നേരു പറയില്ല. അതുകൊണ്ട് മോൻ ഇന്ന് കന്നുമുളച്ചു കുറച്ചു ചോറും എടുത്തു കമ്പിറാന്തൽ വിളക്കുമായി നേരത്തെ കാവൽ ചാളയിൽ ചെല്ലണം. അവർ കാവലിനു വരാറുണ്ടോ എന്ന സത്യം അറിയാല്ലോ. ബാപ്പ പറഞ്ഞ പ്രകാരം വീരാൻകുട്ടി കന്നുമുളച്ചു കുറച്ചു ചോറും റാന്തൽ വിളക്കുമായി മോടൻ പറമ്പിലെ ചാളയിലേക്കു പോയി.


അന്തി മയങ്ങുമ്പോൾ കാവലിന് പോകും
മോടൻ പറമ്പാണ് കാവൽ സ്ഥാനം


കുറച്ചു ദിവസങ്ങൾ ചാത്തനും കുഞ്ചിരയും മര്യാദക്കാരായി. കള്ളു കുടിക്കാതെ കൃത്യമായി കവലിനു വന്നു. നിർഭാഗ്യം എന്നു പറയട്ടെ ഒരു ദിവസം ചാത്തനും കുഞ്ചിരയും കാവലിന് വന്നില്ല. ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് കരുതി വീരാൻകുട്ടി കാത്തിരുന്നു രാത്രി 10 കഴിഞ്ഞു ചാത്തനും കുഞ്ചിരയും വന്നില്ല. കേവലം 11 വയസ്സു മാത്രം പ്രായമുള്ള കുട്ടി ആകെ ഭയപ്പെട്ടു. അവൻ കരയാൻ തുടങ്ങി. സകല അമ്പിയാകര് ഔലിയാക്കന്മാരെയും മുത്തു റസൂലിനെയും മുഹ്‌യിദ്ദീൻ ശൈഖിനെകുട്ടി മനം നൊന്തു പ്രാർത്ഥിച്ചു. ജന്മനാൽ തന്നെ ദിവ്യത്വമുള്ള ആ കൊച്ചു ബാലൻറെ പ്രാർത്ഥന സർവ്വ ശക്തനായ അള്ളാഹു കേട്ടു. ഈ കൊച്ചു ബാലൻറെ തുണക്കായി രണ്ടു ജിന്നുകളെ അയച്ചു.


ജിന്നു രണ്ടുപേരും കൂട്ടുകാരായി
വന്നു ഒരുമിച്ചു കഴിഞ്ഞുകൂടി


രണ്ടു ജിന്നുകൾ പെട്ടന്നു പ്രത്യക്ഷമായി വീരൻ കുട്ടിയെ ആശ്വസിപ്പിച്ചു. വീരൻക്കുട്ടിക്ക് ഒരു ഭയവും തോന്നിയില്ല അവർ ആത്മസുഹൃത്തുക്കളെ പോലെ ആയി. നേരം പുലരും വരെ ഓരോരോ തമാശകൾ പറഞ്ഞു. അവർ ഉറങ്ങാതെ കഴിഞ്ഞു. രാവിലെ ജിന്നുകൾ അപ്രത്യക്ഷമായി.വൈകുന്നേരം കാണാമെന്നു വീരാൻകുട്ടിയോട് പറഞ്ഞു. അന്ന് രാവിലെ വീരാൻകുട്ടി വാപ്പനോട് പറഞ്ഞു. വാപ്പാ ഇന്നലെ ചാത്തനും കുഞ്ചിരയും വന്നില്ല. ഞാൻ ഒറ്റക്ക് നെല്ല് കാത്തു. എനിക്ക് ഒരു പേടിയും തോന്നിയില്ല. ഇനി അവർ രണ്ടാളും വേണ്ട. ഞാൻ ഒറ്റക്കു നെല്ല് കാത്തുകൊള്ളാം. ഇതുകേട്ട കോയാമുട്ടി മമ്മീസാ ചാത്തനേയും കുഞ്ചിരയെയും മോടൻ കാവലിൽ നിന്ന് ഒഴിവാക്കി. വാപ്പക്ക് വലിയ സന്തോഷം. കന്നുമേക്കാനും മോടൻ കവലിനും വീരാൻകുട്ടി കാരണം മൂന്നു പേരുടെ കൂലി മിച്ചം കിട്ടി. കുറച്ചു ദിവസങ്ങൾ വീരാൻകുട്ടിയും ജിന്നുകളും വളരെ സ്നേഹത്തോടെ മോടൻ പറമ്പിൽ ഒരുമിച്ചു കഴിഞ്ഞുകൂടി. ഈ വിവരം വീരാൻകുട്ടിയുടെ വീട്ടുകാർക്കോ നാട്ടുകാർക്കോ അറിയാൻ കഴിഞ്ഞില്ല. മോടൻ കൊയ്യാറായി. മോടൻ വിളയുന്തോറും വീരാൻകുട്ടിക്ക് ബേജാറായി മോടൻ കൊയ്താൽ ഇനി ജിന്നുകളെ എങ്ങനെ കാണും. പടച്ചവനോടു ദുആ ചെയ്യാൻ തുടങ്ങി. നെല്ലു കൊയ്യാറായി ജിന്നുകൾക്കു വീരാൻകുട്ടിയുടെ മനോവിഷമം മനസിലായി. ജിന്നുകൾ വീരാൻകുട്ടിയെ കെട്ടിപിടിച്ചു. മാറോടുചേർത്തു ആലിംഗനം ചെയ്തു. മൂർദ്ധാവിൽ പലവട്ടം ചുംബിച്ചു. തഴുകിക്കൊണ്ടു ഇങ്ങനെ പറഞ്ഞു.


എന്നും നിനക്കുമ്പോൾ ഞങ്ങളുണ്ടാവും
എന്ന വരം നൽകി മറഞ്ഞുപോയി.


മോനെ വീരാൻകുട്ടി നീ ഒട്ടും സങ്കടപെടേണ്ട നീ വിചാരിക്കുമ്പോൾ ഞങ്ങൾ പ്രത്യക്ഷപ്പെടും. നീ എന്തു വിചാരിച്ചാലും സാധിച്ചുതരും. ഏതു മാറാവ്യാധികളും, ഏതു ഭ്രാന്തും, അപസ്മാരവും നിൻറെ ഒരു നോട്ടവും തലോടലും കൊണ്ടു മാറിക്കിട്ടും. നീ വീരാനല്ല . ബീരാനൗലിയ ആണെന്നും.ദീർഘായുസ്സോടുകൂടി വളരെക്കാലം പാവപ്പെട്ടവരുടെ ഔലിയ ആയി ഭൂമിയിൽ വാഴാൻ ഇട വരട്ടെ എന്ന വരം നൽകി അപ്രത്യക്ഷമായി. അഞ്ചാറു മാസങ്ങൾ കഴിഞ്ഞപ്പോൾ ചില ഭാവപ്പകർച്ച വീരനിൽ അനുഭവപ്പെട്ടു. ആരോടും മിണ്ടാതെ മൗനിയായി. ലാഇലാഹ ഇല്ലള്ളാ എന്ന ദിക്റ് രാവും പകലും ഉരുവിട്ടു. താടിയും തലയും നീട്ടി യാതൊരു ആഡംബരവും ഇല്ലാതെ മൗനിയായി കാണപ്പെട്ടു.


ബുദ്ധിഭ്രമത്താലേ നടക്കുന്നോനായ്
മർത്ത്യർ പ്രവചിക്കാൻ തുടങ്ങി അന്ന്


നാട്ടുകാരുടെ വീരാൻകുട്ടിയെ കുറിച്ചുള്ള അഭിപ്രായം കേട്ട് പെറ്റ മാതാവും ബാപ്പയും കുടുംബങ്ങളും കണ്ണീർ വാർത്തു


ഒന്നു രണ്ടു വർഷം കഴിഞ്ഞകാലം
പിന്നെ അവരെയും കണ്ടതില്ലാതാരും
എത്തി അജ്മീറിൽ അവരക്കാലം
സത്യം അവിടന്നു തുടങ്ങി ദിഖ്‌ർ


ആ യാത്ര നേരെ അജ്മീറിലേക്കാണ് പോയത്. എത്ര വർഷം അവിടെനിന്നും വ്രതം അനുഷ്‌ഠിച്ചു എന്നറിയാൻ പ്രയാസമാണ്. വളരെ കാലങ്ങൾക്കു ശേഷം ഖാജാ അജ്മീർ തങ്ങൾ ഉപ്പാപ്പക്ക് അജ്മീർ ഫഖീർ എന്ന ബഹുമതി നൽകി ആദരിച്ചു.


മഹാൻറെ അമ്പംകുന്ന്, കാപ്പുങ്ങൾ മുഹമ്മദ് മുസ്ലിയാരുടെ ഭവനത്തിലെ വിശ്രമകഥ അല്പം പറയട്ടെ. 1965-ലാണ് മഹാൻ പ്രിയ ശിഷ്യൻ കാ പ്പുങ്ങൾ മുഹമ്മദ് മുസ്ലിയാരുടെ ഭവനത്തിൽ വിശ്രമിക്കാൻ തുടങ്ങിയത്. അനവധി ശിഷ്യ സമ്പത്തുള്ള ആളാണു മഹാൻ. എല്ലാ കൊല്ലവും ഉപ്പാപ്പ ഹജ്ജിനു പോയിരുന്നു.എന്നാൽ കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്തതായി രേഖകളില്ല. യാതൊരുവിധ ആഡംബരങ്ങളും മഹാനില്ലായിരുന്നു ഏറെ വിനയാനിതനായിരുന്നു. കൊച്ചു കുട്ടികളോടുപോലും നിങ്ങൾ എന്നാണ് സംബോധന ചെയ്തിരുന്നത്. എല്ലാവരോടും ബഹുവചനത്തിലെ സംസാരിക്കുകയുള്ളു. എല്ലാ മതക്കാരെയും അതിരറ്റ സ്നേഹമായിരുന്നു .നാനാജാതി മതസ്ഥരായ ശിഷ്യന്മാർ വളരെ സഹോദര്യത്തോടെ കഴിയുന്നതു കാണാൻ കൗതുകമായിരുന്നു. ഒരു മതക്കാരെയും ആചാരങ്ങൾക്കും കുറ്റം പറയരുതേ. അങ്ങനെ പറയുന്നത് ആ മതത്തെ കുറിച്ചു അറിവില്ലാത്തതു കൊണ്ടാണ് എന്ന് പറയുമായിരുന്നു. 1965 - ലാണ് മഹാൻ അമ്പംകുന്നത്തു വിശ്രമിക്കാൻ തുടങ്ങി എന്നു പറഞ്ഞുവല്ലോ, 1967 ലും, 1968 ലും, 1969 ലും ഉപ്പാപ്പ ജീവിച്ചിരുന്ന കാലത്ത് അതിഗംഭീരമായി നേർച്ച നടത്തിയിട്ടുണ്ട്.


ഉപ്പാപ്പാൻറെ നേർച്ച നടക്കുന്ന വളരെ സ്ഥലങ്ങൾ ഉണ്ട്. എവിടെ നേർച്ച നടക്കുന്നിടത്തും ഹിന്ദുക്കളാണ് നേർച്ചപെട്ടിക്കരികിലിരിക്കുക. അമ്പംകുന്നത്ത് കിഴക്കുംപുറത്ത് മാധവൻ എന്നവരാണ് നേർച്ചപെട്ടിക്കരികിൽ ഇരിന്നിരുന്നതു. ഉപ്പാപ്പയുടെ പെട്ടിയുടെയും പത്തായത്തിന്റെയും താക്കോൽ കാര്യസ്ഥനും കൂടി അവരായിരുന്നു. പനമണ്ണ ചാപ്പുണ്ണി മാഷ്, മേലാറ്റൂർ രാമൻനായർ, വെള്ളിനേഴി കുഞ്ഞൻ, ദേവർഷോല അച്യുതൻ ഇങ്ങനെ പോകുന്നു ആ ശൃംഖല. ആദ്യ പെട്ടി വരുന്നതും ഹിന്ദുവിന്റെ അമ്പംകുന്നത്ത് കൊട്ടിലമാരെ നാഗസ്വാമിയുടെ പെട്ടിയാണ്. ഇപ്പോൾ മക്കൾ രാജൻ ആ കർമ്മം നിർവഹിക്കുന്നു. ഒരു കൊല്ലം വ്യക്‌തി വൈരാഗ്യത്താൽ നേര്ച്ച മുടങ്ങി. ആ കൊല്ലവും പതിവു മുടക്കാതെ നാഗസ്വാമി ആഘോഷപൂർവ്വം പെട്ടി കയറ്റി.


ഒരിക്കൽ ഒരു മുസ്ലിം സഹോദരൻ (ഉപ്പാപ്പാന്റെ മുരീദും ആണ്) ഉപ്പാപ്പനോട് പറഞ്ഞു. ഉപ്പാപ്പ നേർച്ചക്കു പെട്ടിയുടെ അരികിൽ ഒരു കാഫിറെ ഇരുത്തിയത് ശരിയായില്ല. ഉടനെ ഉപ്പാപ്പ മന്ദസ്മിതത്താൽ ഇങ്ങനെ പറഞ്ഞു "കാഫിറെന്നു പറഞ്ഞാൽ അതിന്റെ അർഥം എന്താണെന്നു നിങ്ങൾക്കറിയാമോ. ഇസ്ലാമതത്തിൽ ജനിച്ചു മുസൽമാന്റെ പേരും ഇട്ടു, നോമ്പും നമസ്കാരവും, ദിക്‌റും സ്വലാത്തും അനുഷ്ഠിക്കാത്തവനാണ് കാഫിർ. ഹിന്ദു ഒരിക്കലും കഫിറല്ല മനസ്സിലായോ". ഇവിടെ നടക്കുന്ന നേര്ച്ച ആഘോഷം മുഴുവൻ ഹിന്ദുക്കൾക്കുള്ളതാണ് മുസ്ലിംകൾക്കുള്ള കർമം ദിക്‌റ്,സ്വലാത്ത്,യാസീൻ. പിന്നെ അയാൾ ഒന്നും മിണ്ടിയില്ല.


ലോകം കണ്ട ആതുരസേവകൻ, അന്നദാതാവ് നിത്യ ബ്രഹ്മചാരി സർവ്വ സംഗ പരിത്യാഗി അങ്ങനെ എല്ലാമെല്ലാമായ വീരാൻ ഔലിയ ഉപ്പാപ്പ 1970 ജൂൺ 18 വ്യാഴാഴ്ച്ച രാത്രി 10 മണിക്ക് റബീഉൽ ആഖിൽ 12 നു സത്യവും ധർമ്മവും ദയയും നിറച്ച ആ മഹാരഥം ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞു. ഇന്ന് അദ്ദേഹം കപ്പുങ്ങൾ മുഹമ്മദ് മുസ്ലിയാരുടെ ഭവനത്തിൽ അന്ത്യ വിശ്രമം കൊള്ളുന്നു.


ജാതിമതവർഗീയഭേതമില്ലാതെ ഏവർക്കും കാണാനും മനസിലുള്ള മനോവിഷമം മഹാൻറെ തൃപ്പാദങ്ങളിൽ സമർപ്പിക്കുവാനും ആശ്വാസകേന്ദ്രമായി മഹാൻ ഇവിടെ കുടികൊള്ളുന്നു. എല്ലാ കൊല്ലവും റബീ ഉൽ ആഖിർ 12 നു ഉപ്പാപ്പന്റെ ആണ്ടു ദിഖ്‌റ് മൗലൂദും മതപരമായ പ്രാർത്ഥനയോടൊപ്പം നടത്തുന്ന ഗംഭീരമായ അന്നദാനവും നടത്തി വരുന്നു. ഉപ്പാപ്പ ജീവിച്ചിരുന്ന കാലത്തെ നേർച്ച അന്നുമുതൽ ഇന്നു വരെയും നടന്നു. കുറച്ചുകാലങ്ങൾക്കുശ>േഷം കപ്പുങ്ങൽ മുഹമ്മദ് മുസ്ലിയാരും മരണപ്പെട്ട ഉപ്പാപ്പാന്റെ തൊട്ടടുത്തു മറവു ചെയ്തു പഴയ ശിഷ്യന്മാർ പലരും മരണപ്പെട്ടു.


കോയമ്പത്തൂരിൽ നിന്ന് വളരെ ആഘോഷപൂർവം കൊണ്ടുവരുന്ന സുലൈമാൻറെ കഥ അല്പം പറയട്ടെ. സുലൈമാന്റെ രണ്ടു കയ്യും കാലും ചങ്ങലക്കിട്ട് നാലുപേർ കാറിലിട്ട് അമ്പംകുന്നു നേർച്ചക്കു കൊണ്ടുവന്നു. കാറിൽ നിന്നിറക്കാൻ ഭയമായിട്ടു അവർ ഉപ്പാപ്പന്റെ അടുത്തുവന്നു. ഒരു ഭ്രാന്തനെ കൊണ്ടുവന്ന കാര്യം പറഞ്ഞു നിസ്സാരമട്ടിൽ ഉപ്പാപ്പ ഇങ്ങോട്ടുവരിൻ. കൊണ്ടുവരാൻ പറ്റില്ല ഉപ്പാപ്പ.അയാൾ ആളെ ഉപദ്രവിക്കും എന്ന് പറഞ്ഞപ്പോൾ മുസ്ലിയാരും ഉപ്പാപ്പയും കൂടെ ഇറങ്ങിച്ചെന്നു. ജ്ഞാനദൃഷ്ടിയിൽ മഹാൻ ആ കാറിൻറെ ഉള്ളിലേക്ക് ഭ്രാന്തനെ ഒന്നു നോക്കി അത്ഭുതമെന്നു പറയട്ടെ അയാളുടെ ഭ്രാന്തുപോയി. നല്ല ബുദ്‌ധി വന്നു. ഉടനെ ഭ്രാന്തൻ തൊഴുതുകൊണ്ടു ഉപ്പാപ്പനോട് പറഞ്ഞു കണ്ടോ ഉപ്പാപ്പാ എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു ചങ്ങല ഇട്ടിരിക്കുന്നത്. ഒന്നഴിക്കാൻ പറയു ഉപ്പാപ്പ. ഉടനെ ഉപ്പാപ്പ പറഞ്ഞു കണ്ടോ, ഭ്രാന്തില്ലാത്ത ആളെ ചങ്ങലക്കിട്ടിരിക്കുന്നത്. ചങ്ങല അഴിക്കാൻ പറഞ്ഞു. അയാളുടെ കൈ പിടിച്ചു ഉപ്പാപ്പ വീട്ടിലേക്കു പോയി. പിന്നീട് കൊല്ലത്തിൽ ഒരു ദിവസം നേർച്ചക്കു മാത്രം അയാൾക്കു ആ ഭ്രാന്ത് അൽപനേരം ഇളകും. എല്ലാ കൊല്ലവും നേർച്ചക്ക് കോയമ്പത്തൂരിൽ നിന്ന് അഞ്ചും ആറും വാഹനത്തിൽ അലങ്കരിച്ച പെട്ടികൾ കൊണ്ടുവരും. ഇപ്പോൾ അയാൾ മരണപ്പെട്ടെങ്കിലും മക്കളും നാട്ടുകാരും നേർച്ചക്കു പെട്ടികൾ കൊണ്ടുവരും.


നിലമ്പൂരിലെ പന്നിയുടെ ചരിത്രം എല്ലാവരും കേട്ടിട്ടുണ്ടാവും. നിലമ്പൂർ വഴിക്കു ചന്തക്കുന്നിലേക്കു കാൽനടയായി ഉപ്പാപ്പയും ശിഷ്യന്മാരും നാട്ടുകാരും നടന്നു പോവുകയാണ്. അന്നേരം അവിടത്തെ ഒരു വലിയ പലചരക്കു കച്ചവടക്കാരൻ തമാശയ്ക്കു ഇങ്ങനെ പറഞ്ഞു കണ്ടോ, ഒറ്റ പന്നിയും കുട്ടികളും പോവുന്നത്. ഉപ്പാപ്പ ഒന്ന് തിരിഞ്ഞു നോക്കി അവർ അങ്ങനെ പോയി. അൽപം കഴിഞ്ഞതും ഒരു ഒറ്റപ്പന്നി ആ വഴി വന്നു. ഈ പറഞ്ഞ ആളുടെ പലചരക്കു കടയിലേക്കു കയറി. കടയുടെ ഉള്ളിലുള്ള സാധനങ്ങൾ തട്ടി നിരത്തി നശിപ്പിച്ചു പോയി. മറ്റൊരു കടയിലേക്കും പോയില്ല. പിന്നീട് ആ കടയിൽ കച്ചവടം ഉണ്ടായില്ല. അദ്ദേഹം ആകെ ദരിദ്രനായി അധപതിച്ചു. ഇന്ന് നിലമ്പൂർകാര് മഹാന്റെ നാമത്തിൽ പലസ്ഥലത്തും നേർച്ച നടത്തുന്നു.


വർഷങ്ങൾക്കു ശേഷം മണ്ണാർക്കാട് തെങ്കര താമസിക്കും രാവുണ്ണിയുടെ മകളുടെ വീട്ടിൽ പശു പ്രസവ വേദനയാൽ രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രസവിക്കാതെ വീട്ടുകാർ ഒരു വഴിപാടു പ്രാർത്ഥന നടത്തി. ഈ പശു യാതൊരു കുഴപ്പവും കൂടാതെ പ്രസവിച്ചാൽ അതിൻറെ കുട്ടിയെ കുടിവറ്റിയാൽ പഴനി സുബ്രമണ്യ സ്വാമിക്ക് കൊടുത്തോളാം. പ്രാർത്ഥിച്ചു ആറു മണിക്കൂറിനു ശേഷം പശു പ്രസവിച്ചു. മൂരിക്കുട്ടി. പക്ഷെ കുട്ടിക്ക് ആറുകാൽ. സാധാരണപോലെ രണ്ടു കാലും രണ്ടു കയ്യും മുതുകത്തു ഒരു കയ്യും കാലും. കേട്ടവർ കേട്ടവർ ഓടിക്കൂടി. കുട്ടിയെ കണ്ടതും അവിടത്തെ അഞ്ചു വയസ്സായ കുട്ടി ഇങ്ങനെ പറഞ്ഞു. ഈ കാളക്കുട്ടിയെ നമ്മൾക്കു അമ്പംകുന്ന് ഔലിയ ഉപ്പാപ്പാക്ക് കൊടുക്കണം. ഇതു കേട്ടതും വീട്ടുകാര് ആകെ അമ്പരന്നു. വീട്ടുകാർ പ്രാർത്ഥിച്ചിരിക്കുന്നതു സുബ്രമണ്യ സ്വാമിക്ക്. കുട്ടി പറഞ്ഞതോ ഔലിയ ഉപ്പാപ്പാക്കും. വീട്ടുകാർ ധർമ്മ സങ്കടത്തിലായി. അന്നുരാത്രി സുബ്രമണ്യ സ്വാമി വീട്ടുടമസ്ഥനു സ്വപ്നത്തിൽ ദർശനം നൽകി. കാളക്കുട്ടിയെ വീരൻഔലിയാ ഉപ്പാപ്പാക്ക്‌ കൊടുത്തോളാൻ. അങ്ങനെ ആ കാളക്കുട്ടി കുടിവറ്റി. ഒരു കൊല്ലം നേർച്ചക്കു വണ്ടി അലങ്കരിച്ചു അമ്പംകുന്നിൽ എത്തിച്ചു. ഒരു കാഴ്ച്ച വസ്തുവായി അഞ്ചാറു വർഷം അമ്പംകുന്നത്തു ഒരത്ഭുത ജീവിയായി കാളക്കുട്ടി ഉണ്ടായിരുന്നു. ഒടുവിൽ വാതം പിടിച്ചു നഷ്ടപ്പെട്ടു.